ക്യാമ്പസ് കൗൺസലിംഗ്
ഒരു കോളേജ് വിദ്യാർത്ഥിയാണ് ഞാൻ. സെമസ്റ്റർ പരീക്ഷ അടുത്തു വരുന്നു. ഓൺലൈനായി മാത്രമാണ് ക്ലാസ്സുകൾ കൂടിയത്. പരീക്ഷയെക്കുറിച്ചോർക്കുമ്പോൾ ഭയം തോന്നുന്നു. ഇനി കുറച്ച് ദിവസങ്ങൾ മാത്രം. എങ്ങിനെ പഠിക്കണം? പരീക്ഷയെഴുതണം?
- ഭയക്കേണ്ടത് പരീക്ഷയെ അല്ല, നമ്മുടെ ഒരുക്കമില്ലായ്മയെയാണ്.
പ്രിയപ്പെട്ട കുട്ടി, പരീക്ഷയെ ഓർത്ത് ഇത്തിരി ആകുലതയുളളതു തന്നെ നിങ്ങൾ നല്ലൊരു വിദ്യാർത്ഥിയായതുകൊണ്ടാണ്. പഠിക്കണം, നല്ല മാർക്ക് വാങ്ങണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഈ ഒരു ആശങ്ക ഇപ്പോൾ. സാരമില്ല നമ്മൾക്കിത് അതിജീവിക്കാം.
നമ്മൾ ഭയക്കേണ്ടത് പരീക്ഷയെ അല്ല, നമ്മുടെ ഒരുക്കമില്ലായ്മയെ ആണ്. മേഴ്സി ടീച്ചർ ഒരു പാവം കണക്ക് ടീച്ചറാണ്. ഒരു കുട്ടിയേയും വഴക്കു പറയില്ല. ശിക്ഷിക്കില്ല. നന്നായി പഠിപ്പിക്കുകയും ചെയ്യും. എന്നിട്ടും ടീച്ചറിനെ കാണുമ്പോഴേ ജിബിൻ ഫ്രാൻസീസ് എന്ന വിദ്യാർത്ഥിക്ക് ഭയമാണ്. മേഴ്സി ടീച്ചർ ക്ലാസ്സിൽ വരുമ്പോഴേ അവന്റെ ചങ്കിടിക്കും. കാരണം അവൻ, ടീച്ചർ നൽകിയ അസൈൻമെന്റുകൾ ചെയ്തിട്ടില്ല. പഠിപ്പിച്ച പാഠങ്ങൾ പഠിച്ചിട്ടുമില്ല. എന്നാൽ ഷെറിൻ ജോയ് എന്ന വിദ്യാർത്ഥിക്ക് മേഴ്സി ടീച്ചറിനെ വളരെ ഇഷ്ടമാണ്. ടീച്ചർ ക്ലാസ്സിലേക്ക് വരുമ്പോൾ തന്നെ ഷെറിന് വലിയ ഉത്സാഹമാണ്, സന്തോഷമാണ്. കാരണം അവൻ അസൈൻമെന്റുകൾ ചെയ്തു. നന്നായി പഠിച്ചിട്ടുമുണ്ട്. അപ്പോൾ ഇവിടെ മേഴ്സി ടീച്ചറല്ല പ്രശ്നം.കുട്ടികളുടെ ഒരുക്കവും ഒരുക്കമില്ലായ്മയുമാണ്. മേഴ്സി ടീച്ചറിനേപ്പോലെയാണ് പരീക്ഷയും. പാവമാണ്. പരീക്ഷ ടെൻഷന് കാരണമാവുന്നത് പഠിച്ച് ഒരുങ്ങാത്തവർക്കു മാത്രമാണ്. അതിനാൽ നല്ല ഒരുക്കത്തിലൂടെ പരീക്ഷാ ഭയത്തെ നമ്മൾക്ക് ഇല്ലാതാക്കാം.
- പഠനം തപസാവണം
പുരാണക്കഥകളിലൊക്കെ തപസ് ചെയ്തു വരങ്ങളും ദിവ്യാസ്ത്രങ്ങളുമൊക്കെ നേടിയ വീരൻമാരുടെ കഥകൾ വായിച്ചിട്ടില്ലേ. തപസെന്നാൽ ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി മറ്റെല്ലാം മാറ്റി വച്ച് ഏകാഗ്രതയോടെയുള്ള പരിശ്രമമാണ്. തപസ് ചെയ്യുന്നവർ തങ്ങളുടെ ലക്ഷ്യമല്ലാതുള്ള എല്ലാ ഇഷ്ടങ്ങളും മാറ്റി വയ്ക്കുന്നു. തപസ് ചെയ്യാൻ മറ്റ് ശല്യങ്ങളൊന്നുമില്ലാത്ത ഒരിടം തെരെഞ്ഞെടുക്കുന്നു. ചിലർ ഒറ്റക്കാലിൽ തപസു ചെയ്യുന്നു, അതും വർഷങ്ങളോളം. ചിലർ ഒരൊറ്റ മന്ത്രം മാത്രം ആവർത്തിച്ച് ഒറ്റയിരിപ്പിരിക്കുന്നു. അവരെ ചിതൽ വരെ വന്നു മൂടി. പഠനവും തപസ്സാവണം. ശാന്തമായ ഒരു പഠന സ്ഥലം വേണം. പരീക്ഷയിലെ ഉന്നത വിജയം എന്നതല്ലാതെ മറ്റൊരു ചിന്തകളും ഉണ്ടാവരുത്. ഏകാഗ്രതയെ അകറ്റുന്ന ബന്ധങ്ങൾ, ടി.വി, മൊബൈൽ എല്ലാം കയ്യെത്തും ദൂരത്തു നിന്ന് മാറ്റണം. ഈശോ തപസ് ചെയ്തത് മരുഭൂമിയിലും മലമുകളിലുമാണ്. യാതൊരു ബഹളങ്ങളുമില്ലാത്ത ഇടങ്ങൾ. നിങ്ങളുടെ പഠന മുറിയും ഇതുപോലെയാവണം. പഠനം നിർത്തി ഫോണെടുക്കാൻ കൈകൾ പ്രേരിപ്പിക്കുമ്പോൾ മനസ്സിൽ പറയണം ”എനിക്ക് വേണമെങ്കിൽ ഈ പരീക്ഷയുടെ പത്തോ പതിനഞ്ചോ ദിവസങ്ങൾ ഫോണും ഉറക്കവും ഒക്കെയായി സുഖിച്ചു കഴിയാം… എന്നിട്ട് പരീക്ഷയിൽ കിട്ടിയ മോശം മാർക്കോർത്ത് ഏറെ നാളുകൾ സങ്കടപ്പെടാം. അല്ലെങ്കിൽ ഈ ഏതാനും ദിവസങ്ങൾ അല്പം ത്യാഗമെടുത്ത് പഠിച്ചിട്ട് നല്ല പരീക്ഷാ ഫലവുമായി വളരെ നാളുകൾ സന്തോഷിക്കാം.” ഏതു വേണം ? സ്വയം തെരെഞ്ഞെടുക്കുക.
- പഠനം= ആവർത്തനം
നിങ്ങൾ എന്നും ചൊല്ലുന്ന പ്രാർത്ഥന എങ്ങിനെയാണ് പഠിച്ചത്? ഒറ്റ വായനയിലാണോ? അല്ല! ആവർത്തനം കൊണ്ട്.
സൈക്കിൾ ചവിട്ടാൻ പഠിച്ചതോ? ഒറ്റ ശ്രമത്തിലാണോ? അല്ല, ആവർത്തനം കൊണ്ട്.
ജനഗണമന എന്ന ദേശീയ ഗാനം മനപാഠം അറിയാവല്ലോ? എങ്ങിനെ? ആവർത്തനം കൊണ്ട്. അല്ലേ? അപ്പോൾ പഠനമെന്നാൽ ആവർത്തനമാണ്. പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ ഒറ്റ വായനയിൽ പഠിക്കാൻ നമ്മളാരും റോബോട്ടുകളല്ല. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും വിജയരഹസ്യം ആവർത്തിച്ചുള്ള പഠനവും റിവിഷനുമാണ്. പാഠഭാഗങ്ങൾ ഒന്നു വായിച്ചു മനസ്സിലാക്കിയ ശേഷം, കണക്കിന്റെ അനേകം മാതൃകകൾ ചെയ്തു നോക്കണം. സയൻസ് നൂറുവട്ടം, എഴുതിയെഴുതി നോക്കണം. സാഹിത്യം, ആർട്ട്സ് തുടങ്ങിയ വിഷയങ്ങളുടെ പാഠഭാഗങ്ങളുടെ പ്രധാന പോയിന്റുകൾ പലയാവർത്തി എഴുതി നോക്കണം. ആവർത്തനം കൊണ്ടല്ലാതെ പഠനം ഒരു ശതമാനം പോലും സംഭവിക്കുകയില്ല.
- ചോദ്യങ്ങളിൽ നിന്ന് ഉത്തരങ്ങളിലേക്ക്.
ഒരു വട്ടം പാഠഭാഗങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ അതു തന്നെ നോട്ടിൽ നിന്നോ പുസ്തകത്തിൽ നിന്നോ വായിച്ചിരിക്കാതെ ചോദ്യങ്ങൾ വായിക്കുക. പുസ്തകവും ബുക്കും അടച്ച് വച്ച് ഉത്തരം ഓർക്കുക, എഴുതി നോക്കുക. തെറ്റുമ്പോൾ മാത്രം പുസ്തകം തുറന്ന് നോക്കുക. നീന്തൽ പഠിക്കണേൽ നീന്തണം. ഡ്രൈവിംഗ് പഠിക്കണേൽ ഡ്രൈവ് ചെയ്യണം. അതുപോലെ പരീക്ഷ ജയിക്കണമെങ്കിൽ പലവട്ടം മാതൃകാപരീക്ഷകളെഴുതണം. റാങ്ക് ഫയലുകളും മുൻ വർഷചോദ്യപേപ്പറുകളും ഇതിനുപയോഗിക്കാം.
- പഠിപ്പിച്ച് പഠിക്കുക.
ഏറ്റവും ഫലപ്രദമായ പഠനത്തിന്റെ ഗ്രാഫ് ഇങ്ങിനെയാണ്.
ക്ലാസ്സ് കേൾക്കുന്നത്: 5%
വായന വഴി: 10%
ഓഡിയോ വിഷ്വൽ: 20%
പഠനാവതരണം: 30%
ചർച്ച: 50 %
ചെയ്തു പഠിക്കൽ: 75%
പഠിച്ചത് പഠിപ്പിക്കൽ വഴി: 90%
ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചത് കേൾക്കുക മാത്രം ചെയ്ത വിദ്യാർത്ഥി പത്തിൽ താഴെ ശതമാനം മാത്രം പഠിക്കുമ്പോൾ പഠിച്ചത് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന വിദ്യാർത്ഥി 90% പഠിക്കുന്നു. പരീക്ഷയെഴുതി, മാതൃകാചോദ്യം ചെയ്തു പഠിക്കുന്ന വിദ്യാർത്ഥി 75% പഠിക്കുന്നു. അപ്പോൾ സാങ്കൽപ്പികമായിട്ടാണെങ്കിലും വീട്ടിലിരുന്ന് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ പാഠഭാഗങ്ങൾ പറഞ്ഞും ചെയ്തും പരിശീലിച്ചാൽ ഗംഭീരമായ ഒരു പഠന രീതിയായിരിക്കും അത്. ഉറക്കം വരുമ്പോഴും നിശബ്ദമായി വായിച്ച് മടുക്കുമ്പോഴും ഇത് ചെയ്യാം. വേഗം ഉൻമേഷം ലഭിക്കുകയും ചെയ്യും.
- ടൈം ടേബിൾ വേണം
ലഭ്യമായ സമയം ഉപയോഗിച്ച് വളരെ യാഥാർത്ഥ്യബോധത്തോടെ ടൈം ടേബിൾ തയ്യാറാക്കി പഠിക്കുക. പഠനത്തിനും റിവിഷനും സമയമുണ്ടാവണം. ശരിയായ ഉറക്കത്തിനും, ദിനചര്യകൾക്കും, വ്യായാമത്തിനും പ്രാർത്ഥക്കുമൊക്കെ അതിൽ ഇടം വേണം. ടൈം ടേബിൾ പാലിക്കാൻ കഴിയാതെ പോയാൽ നിരാശരാവാതെ വീണ്ടും ബാക്കിയുള്ള സമയത്തെ അടിസ്ഥാനമാക്കി ടൈംടേബിൾ പുനക്രമീകരിച്ച് അത് കർശനമായി പാലിക്കുക.
- രാവിലെകളെ സ്വന്തമാക്കുക.
ഉന്നത വിജയം നേടിയവരുടെയെല്ലാം വിജയരഹസ്യത്തിന്റെ ഒന്നാമത്തെ വാക്യം രാവിലകളെ സ്വന്തമാക്കുക എന്നാണ്. മനസ് ശാന്തമായ സ്വസ്ഥമായ പുലരികളിൽ നേരത്തെ ഉണർന്ന് പഠിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്.
- ആസക്തികളേ അകലെ
നമ്മൾക്ക് അഡിക്ഷൻ അതായത്, ആസക്തിയുള്ള കാര്യങ്ങൾ പൂർണമായും പരീക്ഷാക്കാലത്ത് അകറ്റി നിർത്തുക. മൊബൈൽ ഗയിമാണെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യുക. ഇത്തിരി നേരം കളിക്കാം എന്ന് ചിന്തിച്ചാൽ അത് ഒത്തിരി നേരം ആകും എന്നുറപ്പാണ്. അമിതമായ ഉറക്കമാണ് ആസക്തിയെങ്കിൽ പഠന നേരത്ത് കട്ടിലിന്റെ അടുത്ത് പോവുക പോലും വേണ്ട. ചെറുതായിട്ടൊന്നുറങ്ങാം എന്ന പ്രലോഭനം വൻ ഉറക്കത്തിൽ കലാശിക്കും. സുഹൃത്തുമായുള്ള ചാറ്റിംഗ് ആണ് പ്രശ്നമെങ്കിൽ ഒരു ഹലോ പോലും അയക്കാതിരിക്കുക. അല്ലെങ്കിൽ ഹലോ വഴി സംസാരിച്ച് സംസാരിച്ച് മണിക്കൂറുകൾ തീരും.
- ശാന്തമായ മനസ്സ്
പഠനം ഒരു മാനസിക പ്രവൃത്തിയാണ്. കലുഷിതമായ മനസ്സുകൊണ്ട് എങ്ങിനെ ഏകാഗ്രമായി പഠിക്കും? സാധ്യമല്ല. പ്രാർത്ഥനയും ധ്യാനവും വഴി മനസ്സ് ശാന്തമാക്കുക. മാതാപിതാക്കളും സഹോദരങ്ങളുമായി നല്ല ബന്ധത്തിലായിരിക്കുക. വഴക്കും തർക്കങ്ങളും ദേഷ്യവും സങ്കടവും ഒഴിവാക്കുക. അത്തരം വികാരങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും ഓടിയകലുക. ഫോണിൽ മോശം ചിന്തകളും ഭാവനകളും ഉണർത്തുന്ന കാഴ്ചകൾക്കു പിന്നാലെ പോകരുത്. ശാന്തമായ മനസ്സിൽ പാഠഭാഗങ്ങൾ കല്ലിൽ കൊത്തിയതുപോലെ പതിയും.
- ആരോഗ്യമുള്ള ശരീരം.
ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. 8 മണിക്കൂർ നന്നായി ഉറങ്ങണം. നന്നായി വെള്ളം കുടിക്കണം. സമയത്ത് ഭക്ഷണം കഴിക്കണം. അമിതാഹരമോ അല്പാഹരമോ വേണ്ട. ആവശ്യത്തിന് കഴിക്കുക. ശുചിത്വം പാലിക്കണം. പഠനത്തിന് ഇടവേളകൾ വേണം. വ്യായാമം നിർബന്ധമായും വേണം. പാട്ടുകേൾക്കണം. പ്രകൃതിയിലൂടെ നടക്കണം. ശുദ്ധവായു ശ്വസിക്കണം. വളർത്തുമൃഗങ്ങളോട് കൂട്ട് കൂടാം. ശരീരവും മനസ്സും റിലാക്സ്ഡ് ആവാൻ ഈ പ്രവർത്തികൾ സഹായിക്കും.
- പരീക്ഷാ ഫലത്തേക്കുറിച്ച് ആകുലത വേണ്ട.
മാർക്ക് എത്ര കിട്ടും? മാതാപിതാക്കൾ അഗ്രഹിച്ച കോഴ്സിനു ചേരാൻ പറ്റുമോ? ഫുൾ ഏ പ്ലസ് കിട്ടിയില്ലേൽ എന്തു ചെയ്യും? സപ്ലികൾ കിട്ടുമോ? ആ കുട്ടിക്ക് എന്നേക്കാൾ മാർക്ക് കിട്ടുമോ? ഇത്തരം ചിന്തകൾക്കൊണ്ട് ലഭിക്കാവുന്ന ഒരു മാർക്ക് ടെൻഷനടിച്ച് നഷ്ടപ്പെടുത്താമെന്നല്ലാതെ ഒരുപകാരവുമില്ല. നമ്മളുടെ മുഴുവൻ ശ്രദ്ധയും പഠനത്തിലാവണം. ഫലം എന്തുമാവട്ടെ. ജയമായാലും തോൽവിയായാലും ഗ്രേഡ് ഏപ്ലസ്സായാലും ബി ആ യാലും അതൊന്നും ലോകാവസാനമല്ല. തുടക്കം മാത്രം. ജയം തുടരാനും കുറവുകൾ പരിഹരിക്കാനും ഒരു ജീവിതം ബാക്കിയുണ്ട്. സമയമുണ്ട്.കഴിവുണ്ട്. ഇപ്പോൾ ശാന്തമായി പഠിക്കാം.
വിജയാശംസകൾ
സ്നേഹപൂർവ്വം
നിങ്ങളുടെ കൗൺസിലർ
ഒരിക്കൽ പ്രേമത്തിനോട് Yes പറഞ്ഞു പോയി. ആദ്യമൊക്കെ വളരെ രസകരമായിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ വഷളായി. ടെൻഷനാണ്. ഗൗരവമായ ചില ദുരനുഭവങ്ങൾ ഉണ്ടായി. ഇങ്ങിനെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ഈ ബന്ധം അവസാനിപ്പിക്കണം. പക്ഷേ പേടിയാകുന്നു. എങ്ങിനെ ഇതിൽ നിന്ന് വിടുതൽ നേടും?
ഉത്തരം അടുത്ത ക്യാമ്പസ് കൗൺസലിംഗിൽ