Campus Counselling

” എനിക്കൊരു പ്രണയമുണ്ടായിരുന്നു. അയാൾ എന്നെ പിരിയുകയാണെന്നു പറയുന്നു. എനിക്കു സഹിക്കാനാവുന്നില്ല. ഞാൻ എന്തു ചെയ്യും “

 1. സ്വാഭാവികം

ആദ്യം തന്നെ, ഇഷ്ടപ്പെട്ടതിനെ പിരിയുക എന്നത് ഒരു സർവ്വസാധാരണമായ ജീവിത യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയണം. കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടം നഷ്ടപ്പെട്ടപ്പോൾ എത്ര കരഞ്ഞവരാ നമ്മൾ. അന്നത് നഷ്ടപ്പെട്ടപ്പോൾ ജീവൻ അവസാനിക്കുന്നതുപോലെയായിരുന്നു നമ്മളുടെ കരച്ചിലും സങ്കടവും. ഇന്നോർക്കുമ്പോൾ അന്ന് നമ്മളുണ്ടാക്കിയ സീനൊക്കെ ഓവറായിരുന്നുവെന്ന് തോന്നുന്നില്ലേ.അതു പോലെ നാളെ ഈ വേർപാടിനെയും ഒരു പുഞ്ചിരിയോടെ നാം ഓർത്തെടുക്കും.

പക്ഷേ, ഒരു കാര്യം സത്യമാണ്, വേർപാടും വിരഹവും വളരെ വേദനാജനകമാണ്. മനുഷ്യരെപ്പോഴും കരയുന്ന ഒരു നേരമാണിത്. ഒരു യാത്രയയപ്പു മീറ്റിംഗ് മുതൽ ഒരു മൃതസംസ്ക്കാര ശുശ്രൂഷ വരെ വിരഹ വേദനയുടെ പല മുഹൂർത്തങ്ങളിലൂടെ നമ്മൾ കടന്നു പോകേണ്ടി വരും. ദീർഘകാലം കളിച്ച ഫുട്ബോൾ ക്ലബ്ബ് വിട്ടു പോകുമ്പോൾ ലയണൽ മെസ്സി വിതുമ്പി കണ്ണീരണിയുന്നത് നമ്മളെല്ലാം കണ്ടതാണ്. ഇപ്പോൾ ഈ പ്രേമത്തോട് No പറയേണ്ട സാഹചര്യത്തിൽ നിങ്ങളും വേർപാടിന്റെ ഒരു ദു:ഖ നേരത്തിലൂടെ കടന്നുപോവുകയാണ്. അൽപ്പം കഠിനമാണെങ്കിലും എല്ലാ വിരഹങ്ങളെയും അതിജീവിക്കാനുള്ള ശക്തി മനുഷ്യമനസ്സിനുള്ളതുകൊണ്ട് നിങ്ങളും ഇത് അതിജീവിക്കും. റോഡ് അപകടത്തിലും, മണ്ണിടിച്ചിലും, പ്രളയത്തിലുമൊക്കെ മക്കളെയും മാതാപിതാക്കളെയും നഷ്ടപ്പെട്ടവർ പോലും ആ വേർപാടുകളെ ഉൾക്കൊണ്ട് ജീവിക്കുന്നില്ലേ. അപ്പോൾ കുട്ടിയായിരിക്കുമ്പോൾ വളരെ, വളരെ സാധാരണമായി തോന്നിയ അല്പ നാളുകൾ മാത്രം നീണ്ടു നിന്ന ഒരിഷ്ടം പിരിയുമ്പോൾ അതിന്റെ മുറിവുണങ്ങാൻ വലിയ പ്രയാസമൊന്നും വരില്ല.

തീവ്രമായ പ്രാർത്ഥന വഴി കിട്ടുന്ന ആത്മീയമായ ശക്തിയാണ് ഈ ഘട്ടത്തിൽ നിങ്ങളെ ഏറ്റവും ശക്തിപ്പെടുത്തുക എന്ന് ആദ്യമായി ഓർക്കണം.

 1. പറഞ്ഞ് തീർക്കാൻ നോക്കണ്ട, തീരില്ല.

പ്രേമം അവസാനിപ്പിക്കാനുള്ള സുഹൃത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുക, അംഗീകരിക്കുക. പറഞ്ഞു തീർക്കാൻ നോക്കിയാൽ കാര്യങ്ങൾ വഷളാകും. നിങ്ങൾ കൂടുതൽ നിരാശരാകും. നിങ്ങൾക്ക് ദേഷ്യവും സങ്കടവും കൂടും.വാക്കുകൾ കൈവിട്ടു പോകും. അത് വൻ ദുരന്തങ്ങളിലേക്ക് നയിക്കും. ചില കെട്ടുകൾ എത്രയഴിക്കാൻ ശ്രമിച്ചാലും കെട്ട് കൂടുതൽ മുറുകുക മാത്രമേയുള്ളൂ. അറുത്ത് മാറ്റുക! അതു മാത്രമാണ് പരിഹാരം.

 1. കാര്യം മനസ്സിലാക്കാം

പിരിയാനായി സുഹൃത്ത് പറയുന്ന കാരണങ്ങൾ തീർച്ചയായും അതീവ ഗൗരവമായി മനസ്സിലാക്കി വിശകലനം ചെയ്യണം. വൈകാരികമായി വിലയിരുത്തരുത്. അഹങ്കാരം മാറ്റി വച്ച് എളിമയോടെ ചിന്തിക്കണം. മുൻവിധികൾ അരുത്.
നിങ്ങളുടെ ഒരു കുറവോ പെരുമാറ്റ ദൂഷ്യമോ പ്രണയത്തിന്റെ മറവിലെ ദുരുദ്ദേശമോ മൂലമാണ് സുഹൃത്ത് പിരിയാനാഗ്രഹിക്കുന്നതെങ്കിൽ എളിമയോടെ തെറ്റുകൾ തിരുത്താനുള്ള വലിയ ഒരവസരമായി ഇതിനെ കണ്ട് അംഗീകരിക്കുക. ആത്മാർത്ഥമായി അനുതപിക്കുക. ഇനി ഭാവിയിൽ ഇത്തരം വഞ്ചനാന്മകമായ രീതിയിലോ, ദുരുദ്ദേശത്തോടെയോ ഒരു ബന്ധത്തിലും പെരുമാറില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്യുക. ഈ അനുഭവപാഠം ഭാവിയിൽ നല്ല സുഹൃദ് ബന്ധങ്ങളിൽ വളരാൻ നിങ്ങളെ സഹായിക്കും.

ആ സുഹൃത്ത് വളരെ സ്വാർത്ഥതയോടെയോ അല്ലെങ്കിൽ നിങ്ങളെ മനപ്പൂർവ്വം ഒഴിവാക്കാനോ വേണ്ടിയാണ് പിൻമാറുന്നതെങ്കിൽ നിങ്ങൾക്ക് ആശ്വ സിക്കാം. ഒരു മോശം സുഹൃത്താണ് നിങ്ങളെ പിരിയുന്നത്. ഈ ബന്ധം വളർന്ന് വളരെ മോശമായ ഒരു തലത്തിലെത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടല്ലോ എന്നാശ്വസിക്കുക. ഇന്നല്ലെങ്കിൽ നാളെ ഈ സുഹൃത്ത് ഇതേ സ്വഭാവം പ്രകടിപ്പിച്ചേനെ… എന്നോർക്കാം.

ഇനി, രണ്ടു പേരുടെയും കുറവുകളൊന്നുമല്ല പകരം പൊതുനന്മയേക്കരുതിയാണ് ഈ വേർപിരിയലെങ്കിൽ ആ നന്മയേയോർത്തു സന്തോഷത്തോടെ അതംഗീകരിക്കുക. അകാലത്തിലുള്ളതായതുകൊണ്ടോ പഠനത്തെയും വ്യക്തി ജീവിതത്തെയും വളരെ അപകടകരമായി ബാധിക്കുന്നതുകൊണ്ടോ, അപക്വമായ തീരുമാനമായിരുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞതുകൊണ്ടോ ആവാം, ഈ തീരുമാനം. കൂടുതൽ നന്മയ്ക്കായി നമ്മളെടുക്കുന്ന ഏതൊരു ത്യാഗവും നാളെ വലിയ അനുഗ്രഹമായി മാറുമെന്നത് ഒരു സത്യമാണല്ലോ.

 1. പിരിയാത്ത സ്നേഹം

മാതാപിതാക്കൾ, സഹോദരങ്ങൾ, അദ്ധ്യാപകർ തുടങ്ങി വിശ്വസിക്കാൻ പറ്റുന്ന, നിങ്ങളെ മനസ്സിലാക്കുന്ന ആളുകളോടാരെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുകയും ഈ വേദനാജനകമായ ഘട്ടത്തിൽ അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണം. അവരുടെ സ്നേഹം ഒരിക്കലും നിങ്ങളെ പിരിയില്ല. അതിൽ അഭയം കണ്ടെത്തുക. യാതൊരു ആത്മീയ ശക്തിയോ, പക്വതയോ ഇല്ലാത്ത ‘വെട്ടൊന്ന് മുറി രണ്ട്’ എന്നു പറഞ്ഞു നടക്കുന്ന ചങ്ക് സുഹൃത്താണ് ഈ ഘട്ടത്തിൽ നിങ്ങളുടെ ഉപദേശകനെങ്കിൽ വൻ ദുരന്തത്തിലേക്കാവും നിങ്ങൾ നടന്നടുക്കുക. അന്ധരെ അന്ധർ നയിക്കുന്ന അവസ്ഥ.

 1. ആദ്യഘട്ടം: അതി നിർണ്ണായകം – വേർപിരിയൽ വാർത്ത ആദ്യം കേൾക്കുമ്പോൾ ശാരീരികമായും മാനസികമായും അടിമുടി നിങ്ങൾ തളർന്നു പോയേക്കാം. അതിവൈകാരികതയുടെ കുറച്ചു സമയം കാണും. സങ്കടം, ദേഷ്യം, എല്ലാം മാറി മാറി വരും. ഈ സമയം യാതൊരു തീരുമാനവും എടുക്കരുത്. സുഹൃത്തിനോട് വാഗ്വാദം നടത്തരുത്. ദേഷ്യപ്പെട്ടിരിക്കുമ്പോളും സങ്കടപ്പെട്ടിരിക്കുമ്പോഴും നമ്മളെടുക്കുന്ന തീരുമാനം നല്ലയൊന്നാന്തരം മണ്ടത്തരമാകാനാണ് സാധ്യത. പിന്നീട് അതിനേക്കുറിച്ച് ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യേണ്ടി വരും. “ഒരരിശത്തിന് കിണറ്റിൽ ചാടിയാൽ ഒമ്പതരിശത്തിന് തിരിച്ചു കയറാനാവില്ല ” എന്നു കേട്ടിട്ടില്ലേ.
 2. പ്രകോപനത്തിന്റെ വാതിലടയ്ക്കുക. സുഹൃത്തിനേക്കുറിച്ചുള്ള ഓർമ്മകളും ചിന്തയും കടന്നു വരുന്ന സോഷ്യൽ മീഡിയ കോൺടാക്റ്റ്, ഫോൺ വിളി തുടങ്ങിയവ എല്ലാം മനസ്സു ശാന്തമായി, പൂർണമായ സൗഖ്യം കിട്ടും വരെ അവസാനിപ്പിക്കുക.
 3. തനിച്ചിരിക്കാതിരിക്കുക. സംഘർഷം നിറഞ്ഞ ഈ മാനസികാവസ്ഥയിൽ ഒറ്റയ്ക്കിരുന്ന് വിഷമിക്കരുത്. മാതാപിതാക്കൾ, സഹോദരർ നല്ല സുഹൃത്തുക്കൾ എന്നിവർക്കൊപ്പം ആയിരിക്കുക. കളികളിൽ ഏർപ്പെടാം.
 4. സമയം നല്ല രീതിയിൽ

നീണ്ട യാത്രകൾ, ധ്യാനം, ക്യാമ്പുകൾ തുടങ്ങിയവയിൽ ഏർപ്പെട്ട് മനസ്സ് ശാന്തമാക്കാം. വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുക. പുസ്തകം വായിക്കുക.

 1. ചികിത്സ വേണം

വിട്ടുമാറാത്ത നിരാശ, ഏകാന്തത, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, വിറയൽ തുടങ്ങിയവ അനുഭവിക്കുന്ന ഘട്ടത്തിൽ ഉറപ്പായും ഒരു കൗൺസിലറോട് സംസാരിക്കുകയും ആവശ്യമെങ്കിൽ ഡോക്ടറെ കാണുകയും ചെയ്യണം. ശരീരമുളളവർക്കെല്ലാം രോഗം വരും. അതുപോലെ മനസ്സുള്ളവർക്കെല്ലാം മാനസിക രോഗവും വരാം. അതിൽ അതിസാധാരണമായി ഒന്നുമില്ല. പേടിക്കുകയോ നാണക്കേട് തോന്നുകയോ വേണ്ട.

 1. ഭീഷണി അരുത്
  ബന്ധത്തിലുണ്ടായിരുന്നപ്പോൾ നടത്തിയ ചാറ്റുകൾ, ഫോട്ടോകൾ, രഹസ്യങ്ങൾ പരസ്യപ്പെടുത്തും, പകരം വീട്ടും തുടങ്ങിയ ഭീഷണികൾ നടത്തരുത്. ഒരു വേർപിരിയൽ ദു:ഖാവസ്ഥയിൽ നിന്നും ഒരു കൊടും കുറ്റവാളിയിലേക്കാണ് ഇപ്പോൾ നിങ്ങളുടെ മനസ്സ് നീങ്ങുന്നത്. നിയമത്തിന്റെ ഒരു സഹതാപവും നിങ്ങൾക്ക് കിട്ടില്ല. ജീവിതം അടിമുടി തകരാനുള്ള ചിന്തയാണിത്. ഈ ചിന്തയുടെ ആദ്യ ഘട്ടത്തിൽ തന്നെ അവ ഉപേക്ഷിക്കുക.
 2. ക്ഷമ വേണം

നിങ്ങളെ വേർപിരിഞ്ഞ സുഹൃത്തിനേ അതിശയിപ്പിക്കാനും ലജ്ജിപ്പിക്കാനും മാസ് കാണിച്ച് ഞെട്ടിക്കാനുമുള്ള പെട്ടെന്നുള്ള ശ്രമമൊന്നും വേണ്ട. അതൊക്കെ കൂടുതൽ ടെൻഷനുകാരണമാവും. ആത്മവിശ്വാസത്തോടെ ചെയ്യേണ്ട കാര്യങ്ങൾ ഭംഗിയായി ചെയ്ത് മുന്നോട്ടു പോയാൽ ആരെയും അതിശയിപ്പിക്കുന്ന ഭാവി ജീവിതം തനിയെ നിങ്ങളെ തേടി വന്നുകൊള്ളും.

സ്നേഹപൂർവ്വം,
നിങ്ങളുടെ കൗൺസിലർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button