സ്വാശ്രയ മേഖലയിൽ ഗവേഷണ വകുപ്പുകൾ അനുവദിക്കും. വൈസ് ചാൻസിലർ
ലബ്ബക്കട : ഗുണപരമായി മികവുതെളിയിക്കുന്ന സ്വാശ്രയ കോളേജുകളിൽ ഗവേഷണ വകുപ്പുകൾ അനുവദിക്കുന്നത് സർവ്വകലാശാലയുടെ പരിഗണനയിലാണെന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് പറഞ്ഞു. ജെ.പി.എം. ആർട്ട്സ് ആന്റ് സയൻസ് കോളേജിന് ഈ മാർച്ചിൽ ലഭിച്ച ഉയർന്ന നാക് അംഗീകാരത്തിന്റെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പാഠ്യേതര മേഖലകളിൽ മികവു തെളിയിച്ച ജെ.പി.എം. കോളേജ് ഗവേഷണ രംഗത്തേയ്ക്ക് കടന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2.85 സ്കോറോടുകൂടി ബി++ ഗ്രേഡിലാണ് ജെ.പി.എം. കോളേജ് നാക് അംഗീകാരം നേടിയെടുത്തത്. സർവ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിൽ നാക് അംഗീകാരമുള്ള കോളേജ് ആയി ജെ പി.എം. ഇതോടെ മാറി. അദ്ധ്യാപനം, ഭൗതീകസാഹചര്യങ്ങൾ, റിസൾട്ട് മുതലായവയാണ് ഈ അംഗീകാരത്തിനായി പരിഗണിക്കുന്നത്
ആദ്യ നാക് അക്രഡിറ്റേഷൻ അവിസ്മരണീയമാക്കുന്നതിനുവേണ്ടി കോളേജ് ഏർപ്പെടുത്തിയ ഇൻസ്പയറിംഗ് സ്കോളർ അവാർഡ് യോഗത്തിൽ വച്ച് വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസിന് സമ്മാനിച്ചു. റാങ്ക് ജേതാക്കളായ ഡോണ ജോർജ്, ആതിര അനിൽകുമാർ എന്നീ വിദ്യാർത്ഥികളേയും നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രിൻസിപ്പാൾ ഡോ. വി.വി. ജോർജ്കുട്ടി, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഷീല എസ്., ജോയിന്റ് കോ-ഓർഡിനേറ്റർമാരായ റ്റോംസൺ ജോസഫ്, എബിൻ കെ. മാർക്കോസ്, ജനറൽ കൺവീനർ ജിത്തുമോൻ ജോയി എന്നിവരേയും യോഗത്തിൽ ആദരിച്ചു. കോളേജ് മാനേജർ ഫാ. എബ്രാഹം പാനികുളങ്ങര സി.എസ്.റ്റി. അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, സി. എസ്.റ്റി. ഫാദേഴ്സ് വികാരി ജനറാൾ ഫാ. ജോർജ് ആറാഞ്ചേരി, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, കട്ടപ്പന ഡി.വൈ.എസ്. പി. നിഷാദ്മോൻ വി.എ., കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ഫാ. ആന്റണി കണ്ണംപള്ളിൽ സി.എസ്.റ്റി., സാലി ജോളി, ഡോ. മഞ്ജു ജോസഫ്, ഫാ. മാത്യു ചേരോലിക്കൽ, അഡ്വ. ജിബി സെബാസ്റ്റ്യൻ, ജിബിൻ ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ എബിൻ ബെന്നി, ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി.എസ്.റ്റി, വൈസ് പ്രിൻസിപ്പാൾ ഫാ. ലിറ്റോ കൂലിപ്പറമ്പിൽ മുതലായവർ സംസാരിച്ചു.