മലയാളം ചെറുകഥ വയറസുകളുടെ യാത്ര !
Written by : ക്രിസ്മ ജെയിംസ്
ഇനിയും ഒന്നുകൂടി
” എന്തെഴുതും ? “
അതീവ് തന്റെ പഠനമുറിയുടെ വെളുത്ത ചുവരിനെ നോക്കി സ്വയം ചോദിച്ചു.
എന്തെങ്കിലും എഴുതി അയക്കാതെ നിർവാഹമില്ല. അവൻ ചിന്തിച്ചു. എന്തായാലും പങ്കെടുക്കേണ്ട മത്സരമല്ലെ.എന്നത്തേയുംപോലെ പേരും കൊടുത്ത് പോയി . അല്ലെങ്കിലും മുന്നും പിന്നും നോക്കാതെ ആവേശത്തിന് ചാടി കേറി പേര് കൊടുത്തതിനു അവന് തന്നോട് തന്നെ ദേഷ്യം തോന്നി. ഭേദപ്പെട്ട രീതിയിൽ എഴുതും എന്ന ഒരു ധാരണ ജെപിഎം കോളേജിന് മുഴുവനുമുള്ളത് കൊണ്ട് സമ്മാനം നേടിയില്ലെങ്കിലും തരക്കേടില്ലാത്ത ഒരു കഥ വേണം എഴുതാൻ. അയാൾ സ്വയം വിചാരിച്ചു.
അതും ഇതും ആലോചിച്ചു സമയം കളയാതെ എങ്ങനെയെങ്കിലും ഒരു ചെറുകഥ തട്ടി കൂട്ടണം. അവൻ വീണ്ടും എഴുത്തിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.
” വൈറസ്സുകളുടെ യാത്ര.”
തന്റെ സ്മാർട്ട് ഫോണിൽ ചെറുകഥയുടെ വിഷയം അതീവ് ഒന്നുകൂടി വായിച്ചു.
ഓരോരോ വിഷയങ്ങളെ. ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലെ ഇവർക്ക് തരാൻ. ഓ, ഈ ഒരു സാഹചര്യത്തിൽ ചെറുകഥയെഴുതാൻ ഇതിലും നല്ലൊരു വിഷയം വേറെ എന്ത് തരാനാണ്.
അതീവ് കണ്ണുകളടച്ചു ആലോചനയിൽ മുഴുകി.
സാധരണ എല്ലാവരും ഇങ്ങനെ ഒരു വിഷയം കിട്ടിയാൽ ആലോചിക്കാൻ സാധ്യതയുള്ള ഒന്നും എടുക്കേണ്ട. അയാൾ വിചാരിച്ചു.തകർന്നുകൊണ്ടിരിക്കുന്ന സാഹോദര്യം, വിള്ളൽ വീഴുന്ന സാമൂഹിക ബന്ധങ്ങൾ, നഷ്ടപ്പെട്ടുപോയ കുടുംബവുമൊത്തുള്ള നല്ല നിമിഷങ്ങൾ തിരിച്ചറിയാൻ ലോക്ക്ഡൗണ് കാലം വരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥ എന്തിനധികം പറയുന്നു ജോലിനഷ്ട്ടപെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിയുടെ വിലാപവും, ഉച്ചയൂണ് പങ്കുവെച്ചുകഴിച്ചിരുന്ന സുഹൃത്തുക്കളുമൊത്തുള്ള നല്ല നിമിഷങ്ങളുടെ നൊസ്റ്റാൾജിയ വരെ ഇപ്പോൾ പലരുടെയും കഥയുടെ വിഷമായിട്ടുണ്ടാകും.
അതീവ് വീണ്ടും അസ്വസ്ഥനായി.
ആശയം സാധരണമാണെങ്കിലും അവതരിപ്പിക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്നാൽ മതിയാകും. ലോക്ഡൗണിൽ വിഷാദ രോഗം വന്ന ആളുടെ കഥ എഴുതിയാലോ? അല്ലെങ്കിൽ വേണ്ട അത് തന്ന വിഷയവുമായി ഒത്തു പോകില്ല. വൈറസ്സുകളുടെ യാത്രയിൽ വിഷാദത്തിനെന്ത് സ്ഥാനം. എല്ലാവരും വീടുകളിൽ കുടുംബവുമൊത്ത് ഇരിക്കുമ്പോഴും കഷ്ട്ടപെട്ടു ജോലി ചെയ്യണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെയോ പോലീസുകാരുടെയോ കഥ ആയാലോ? പിന്നെ ബാക്കിയുള്ളോരെല്ലാം വീട്ടിൽ കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കുകയല്ലെ. അതും ശരിയാകില്ല
അതീവ് തന്റെ ആലോചനകൾ പലവഴിക്ക് തിരിച്ചുവിട്ടു. അപ്പോഴാണ് അയാൾ ലോക്ക്ഡൗണിന്റെ ആദ്യസമയങ്ങളിൽ എപ്പോഴോ ഇന്റർനെറ്റിൽ വായിച്ച ഒരു ലേഖനത്തെ കുറിച്ച് ഓർക്കുന്നത്. അതിന്റെ ഉള്ളടക്കത്തിൽ വുഹാൻ ലാബ് ഓഫ് വൈറോളജിയുടെ സന്തതിയാണ് കൊറോണ വൈറസ് എന്ന ഒരു വിമർശനത്തെ കുറിച്ചെഴുതിയിരുന്നതായി അയാൾ ഓർത്തു. എന്നാൽ അതീവിന്റെ ചിന്തകൾ ഉടക്കി നിന്നത് അതിൽ പറഞ്ഞിരുന്ന ഒരു പ്രവചനാത്മകമായ പ്രസ്താവനയിലായിരുന്നു.
അയാൾക്ക് ആ ലേഖനം ഒന്നുകൂടി വായിക്കണം എന്ന് തോന്നിയെങ്കിലും അത് കണ്ടെത്തുന്നതിന് ഒരു ഹിമാലയൻ പരിശ്രമം ആവശ്യമാണെന്നതിനാൽ അത് വേണ്ടെന്ന് വച്ചു.
എന്നാലും ആ ലേഖനം കിട്ടുകയായിരുന്നുവെങ്കിൽ കുറച്ചുകൂടി ആ വിഷയത്തെ കുറിച്ച് അറിയാൻ കഴിയുമായിരുന്നു. അവൻ ചിന്തിച്ചു
“ആയുധങ്ങൾകൊണ്ടുള്ള യുദ്ധങ്ങൾക്ക് പകരം ഇനി വരാൻ പോകുന്നത് മനുഷ്യ കുലത്തെ ഇല്ലാതാക്കുന്ന ബയോ വാറുകളാണ്. കൊറോണ അതിനൊരു തുടക്കമായി വേണം കാണാൻ.”
അതീവ് താൻ വായിച്ച പ്രസ്താവന അൽപ്പം കനമുള്ള ശബ്ദത്തിൽ തന്നോട് തന്നെ പറഞ്ഞ ശേഷം ചിരിച്ചു.
“സംഭവം നല്ല ബോറൻ കോണ്സ്പിറസി തിയറി ആണെങ്കിലും ഒരു ചെറുകഥ തട്ടിക്കൂട്ടാനുള്ള വകുപ്പ് ഇതിലുണ്ടെന്ന് തോന്നുന്നു.”
അതീവ് തന്റെ ടാബിൽ എഴുതാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
നഷ്ട്ടപെടുന്ന സാമൂഹിക ബന്ധങ്ങൾ ഒന്ന് പോളീഷ് ചെയ്ത് നഷ്ട്ടപെട്ട സാമൂഹിക ബന്ധങ്ങൾ ആക്കാം. നഷ്ട്ടപെടുന്നതിന്റെ ആവലാതികൾ ആരെങ്കിലും എഴുതിയിട്ടുണ്ടാകും. അതുകൊണ്ട് അതിൽ തൊടെണ്ട. ഈ കഥ നഷ്ട്ടപെട്ടത്തിന് ശേഷം നടന്നാൽ മതി. അങ്ങനെ ആണെങ്കിൽ കഥ ഭാവിയിൽ നടക്കുന്നതാവും നല്ലത്. മനുഷ്യനിർമ്മിത വൈറസ്സുകൾ കൊണ്ട് രാജ്യങ്ങൾ പോരടിച്ചു മനുഷ്യ ജീവിതം ദുസ്സഹമാക്കിയ കാലം. രണ്ടായിരത്തി ഒരുന്നൂറ്റിയിരുപത് ആവാം ആ കാലഘട്ടം.കൊറോണ വന്ന് ഏകാദേശം ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന കഥ. കൊള്ളാം. അവൻ ഉത്സാഹവാനായി.
ആ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർ. അവർക്ക് പരസ്പരം ചേർന്നിരിന്ന് സംസാരിക്കാൻ കഴിയുന്നില്ല. അവർക്ക് അതൊരു അപരിചിതമായ അനുഭൂതി ആകട്ടെ. വീട്ടിലൊഴികെ പുറത്തെവിടെയും ഓക്സിജൻ മാസ്‌ക്കുകൾ വെക്കേണ്ടി വരുന്ന സ്ഥിതി. പുറത്തുള്ള വായുവിനെ വിശ്വസിക്കാൻ കഴിയാത്ത ദുരവസ്ഥ.അങ്ങനെ ആ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയെ ചുറ്റിപറ്റി നടക്കുന്ന കഥ. ആ കാലഘട്ടത്തിൽ ഒരാൾക്ക് ഇടാൻ പറ്റുന്ന പേര് കണ്ടെത്തണം. ആഡം എന്നാകട്ടെ പേര്. ആദ്യ മനുഷ്യൻ അല്ലെ. എക്കാലവും നിലനിൽക്കാൻ സാധ്യത ഉള്ള പേരാണ്.
ആഡത്തിന് എന്റെ പ്രായം തന്നെ മതിയാകും. അതാകുമ്പോൾ ഒരുപാട് ആലോചിക്കേണ്ടി വരില്ല അവന്റെ ചിന്തകൾ മനസ്സിലാക്കാൻ. അവനെ വെച്ച് പറയേണ്ട കഥയാണ് ഇനി കണ്ടെത്തെണ്ടത്.
അവൻ വീണ്ടും നിശബ്ദനായി ആലോചനയിൽ മുഴുകി.
ഒരുപാട് ചിന്തിക്കാൻ മടിയാണ്. കഥാകാരന്മാർ ഉപയോഗിക്കുന്ന എന്തെങ്കിലും കുറുകുവഴികൾ ഉപയോഗിച്ചുകൊണ്ട് കഥ വികസിപ്പിക്കുന്നതാവും ബുദ്ധി.
അതീവ് ചിന്തിച്ചു.
ഒരു നൂറ്റാണ്ടിന് ശേഷം പുതിയ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ പ്രവർത്തിക്കുന്ന ജെപിഎം കോളേജ് തന്നെ ആകട്ടെ പശ്ചാത്തലം. ആ കാലഘട്ടത്തിൽ ഇതേ വിഷയത്തിൽ ഒരു ചെറുകഥാ മത്സരം നടക്കുന്നു. ആഡം അതിൽ ഒരു മത്സരാർത്ഥിയാണ് ആ ചെറുകഥാ മത്സരത്തിൽ ഒരു നൂറ്റാണ്ടിന് മുമ്പ് ഉണ്ടായിരുന്ന സ്ഥിതിയും അപ്പോഴുള്ള സ്ഥിതിയും അവൻ താരതമ്യം ചെയ്യുന്നു.
അതീവ് കസേരയിൽ ചാഞ്ഞിരുന്നു.
തൽക്കാലം വലിയ അധ്വാനമില്ലാതെ കഥാ സന്ദർഭം രൂപപ്പെടുത്തി.എങ്കിലും ഈ കഥ വിശ്വാസയോഗ്യമായിരിക്കേണ്ടതുണ്ട്. എന്റെ കാലഘട്ടത്തിൽ നിന്ന് അവന്റെ കാലഘട്ടം അതായത് അവന്റെ കാലഘട്ടത്തിൽ നിന്ന് ഈ കാലഘട്ടം എങ്ങനെ വ്യത്യസ്തമാണെന്ന് കണ്ടെത്തണം. അത് കണ്ടെത്തിയാലെ അവനും എനിക്കും എന്തെങ്കിലും എഴുതാൻ കഴിയൂ. അല്ലെങ്കിൽ ഞങ്ങൾ രണ്ടാളും ആകാശത്തേക്ക് നോക്കി ഇരിക്കേണ്ടി വരും. വീടിനകത്ത് ഏതായാലും ഓക്സിജൻ മസ്കുകൾ വേണ്ട. സ്വന്തം വാഹനങ്ങൾ നിര്ബന്ധിതം ആണ്. പൊതു വാഹങ്ങൾ ഉണ്ടാകില്ല. വിമാന ട്രെയിൻ സേവനങ്ങൾ ഇല്ലാതെ വരാൻ വഴിയില്ല. എങ്കിലും അതിനുള്ളിൽ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അറകൾ. അവന്റെ നെറ്റി ചുളിയാൻ തുടങ്ങി. ഇതെല്ലാം സംഭവിക്കാൻ സാധ്യത ഉണ്ടോ? അവൻ ആലോചന തുടർന്നു.ചുറ്റുപാടുമുള്ളവരെ ഡിജിറ്റൽ സ്ക്രീനിലൂടെ മാത്രമെ വ്യക്തമായി കാണാൻ കഴിയുകയുള്ളൂ. അതീവിന്റെ മുഖം കൂടുതൽ അസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങി.
എന്റെ ചിന്തകൾ അതിരു വിടുന്നുണ്ടോ? ഇനി മുമ്പോട്ട് ആലോചിക്കുന്നതിന് മുമ്പ് എനിക്ക് ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്. ഞാൻ ഈ പറയുന്നത് അലീസിന്റെ വണ്ടർ ലാൻഡ് കഥയാകുകയാണോ? ആഡം, അവനെയും ഇപ്പോൾ ഇതേ ചിന്തകൾ അല്ലെ അലട്ടുന്നുണ്ടാകുക. എന്റെ കാലഘട്ടം എഴുതുന്ന ആഡം അതെങ്ങനെ അവസ്സാനിപ്പിക്കും?
എല്ലാം എഴുതിയ ശേഷം അവൻ അതെല്ലാം അസംബന്ധം എന്ന് പറഞ്ഞു ഫോർമാറ്റ് ചയതിരുന്നെങ്കിൽ. അതീവ് ഒന്ന് ഞെട്ടി. ശരിക്കും ആലോചന പുരോഗമിച്ചപ്പോൾ തന്റെ മനസ്സിൽ വന്ന അതേ ചിന്ത ഇപ്പോൾ തന്റെ കഥാപാത്രം ചെയ്തിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുന്നു.
“അസംബന്ധം എന്നതിനേക്കാൾ അസംഭവ്യം എന്ന് പറയുന്നതാവും ശരി. ഇത് വായിച്ചാൽ കോളേജിലെ എന്റെ ഉള്ള ഇമേജ് കൂടി പോകും..ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കോണ്സ്പിറസി തിയറിയുടെ പിന്നാലെ പോയി സമയം കളഞ്ഞത് മിച്ചം.”
അവൻ അരിശത്തോടെ തന്റെ ആലോചനകളുടെ ശേഖരം ഫോർമാറ്റ് ചയ്ത ശേഷം തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നാലോചനയിൽ മുഴുകി.
“എന്തെഴുതും ?
*
“ആഡം, ഈ കഥയ്ക്ക് എന്ത് പ്രശ്നമുണ്ടെന്നാണ് അവർ പറഞ്ഞത്? “
” ഭാവനയുടെ അഭാവം.”
തന്റെ ഓക്സിജൻ മാസ്‌ക് മുഖത്ത് ഒന്നുകൂടി കൃത്യമായി വെച്ചുകൊണ്ട് ആഡം പറഞ്ഞു. ” ഒരു നൂറ്റാണ്ടിന് മുമ്പുള്ള സാഹചര്യത്തെ എടുത്തുകൊണ്ട് ഇന്നിനെ അതിലൂടെ പറയാൻ ശ്രമിച്ചാൽ അതിൽ വലിയ ക്രിയാത്മകമായ അധ്വാനമൊന്നും വേണ്ടി വരില്ലല്ലോ എന്നായിരുന്നു അവർ ചോദിച്ചത്.”
അല്പ സമയം അവിടെ നിശബ്ദത മാത്രമായി.
“ഞാൻ ഇറങ്ങുന്നു. “
ആഡം എഴുന്നേൽക്കുന്നു.
അപ്പോൾ സിറ്റി അവയർനസ്സ് മൈക്ക് വഴി ഒരു മുന്നറിയിപ്പ് വന്നുകൊണ്ടിരുന്നു.
” ലബോറട്ടറി ഓഫ് മൈക്രോബയോളജി ആൻഡ് വൈറോളജി, സപിയെൻസാ യൂണിവേഴ്‌സിറ്റി റോമിൽ നിർമ്മിതമായി പുറത്തായ ലിവിഡെ വൈറസ് അപകടകാരണമെന്ന് പഠനങ്ങൾ.”
ആഡം അസ്വസ്ഥാനാകുന്നു.
” ഇനിയും ഒന്നുകൂടി”