ക്യാമ്പസിൽ നക്ഷത്രഗ്രാമൊരുക്കി ജെ. പി. എം. വിദ്യാർത്ഥികൾ.
ക്യാമ്പസിൽ നക്ഷത്രഗ്രാമൊരുക്കി ജെ. പി. എം. വിദ്യാർത്ഥികൾ.
ലബക്കട : ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലേക്ക് നാടും നഗരവും പ്രവേശിക്കുമ്പോൾ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ വ്യത്യസ്തമാക്കുകയാണ് ജെ. പി. എം. കോളേജിലെ വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ നിർമ്മിച്ച വർണ്ണാഭമായ നക്ഷത്രങ്ങളാണ് ഈ വർഷത്തെ പ്രധാനസവിശേഷത. കൂട്ടുകാർ ഒത്തുചേർന്ന് മുളങ്കമ്പുകളും വൃക്ഷത്തലപ്പുകളും തുണി, കടലാസുകൾ എന്നിവ ഉപയോഗിച്ച് ആകർഷകമായ നക്ഷത്രങ്ങൾ നിർമ്മിച്ചിരുന്നകാലത്തുനിന്നും റെഡിമെയ്ഡ് നക്ഷത്രങ്ങളിലേക്ക് മാറിയപ്പോഴും ക്രിസ്തുമസ് നക്ഷത്രനിർമ്മാണത്തിന്റെ സന്തോഷം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ‘നക്ഷത്ര ഗ്രാമം’ എന്ന ആശയം അവർതന്നെ മുന്നോട്ടുവച്ചത്.
ഒരോ ഡിപ്പാർട്ടുമെൻ്റിലും അധ്യാപകരുടെ നിർദ്ദേശാനുസരണം പൂർണ്ണമായും കൈകൾകൊണ്ട് നിർമ്മിച്ച നക്ഷത്രവിളക്കുകളാണ് തയ്യാറായിരിക്കുന്നത്. നയനമനോഹരമായ് അണിയിച്ചൊരുക്കിയ നക്ഷത്രങ്ങൾ പോയകാലത്തിൻറെ നല്ല ഓർമ്മകളിലേക്ക് മുതിർന്നതലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതോടൊപ്പം പുതിയതലമുറയ്ക്ക് അത്
കൈമോശം സംഭവിക്കാതിരിക്കുവാനും സഹായകമായെന്ന് അധ്യാപകരും വിദ്യാർത്ഥികളും അനുസ്മരിച്ചു.
നക്ഷത്രഗ്രാമനിർമ്മാണത്തിന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി. പ്രോഗ്രാം കോ-ഓഡിനേറ്റർ ജോജിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.